Wednesday, July 25, 2012

കാശി


എക്സ്പയറി ഡേറ്റ് കഴിഞ്ഞ
മന്ത്രങ്ങൾ പാക്കറ്റിലാക്കി
വിൽക്കുന്ന തിരക്കിലാണ്
പൂജാരി.
ഹോമധൂമങ്ങളിലെ ക്രമാതീതമായ
സി.എഫ്.സി
മനസ്സിന്റെ ഓസോൺ പാളിയിൽ
വിള്ളലാവുന്നു.
വിഷാംശം കൂടിയ
ചിതാഭസ്മം കലങ്ങിയ
നീർപ്പരപ്പിൽ പരലുകൾ ചത്തുപൊന്തുന്നു..!

ഭാംഗിന്റെ.. ചരസ്സിന്റെ
ശൈലമുടിയിൽ
ധ്യാനം പൂണ്ട്
ബ്രഹ്മം തൊട്ട്
സൂര്യചന്ദ്രായനങ്ങൾ
ഓർമ്മകളുടെ അശാന്ത തടങ്ങളിൽ
വീണ്ടും ഇരുൾ മറഞ്ഞ് കുറുകുന്നു
…….
അന്തരീക്ഷമില്ലാത്ത അന്യഗ്രഹങ്ങളെ
മുന്നിൽ മുട്ടികുത്തി ഇരുത്തി കരയിച്ച
ബിസ്മില്ലയുടെ ഷഹനായിയും
നിലാവ് വിഭൂതിയായ് പെയ്തിറങ്ങിയ
നീല രാത്രികളും.!!!
മുകിൽ ഭാണ്ഡം മുറുക്കി
തിരിച്ചിറങ്ങുന്നു
അകാശ ഗുഹയിലെ
മഴവിൽ സംന്യാസി.

അപ്പോഴും
കിതയ്ക്കുന്ന
രുദ്രാക്ഷ ജന്മങ്ങൾക്കിടയിലൂടെ
പുണ്യപാപങ്ങളിൽ തട്ടിത്തടഞ്ഞ്
പകലിരവുകൾ പകുത്ത്
തളർന്നൊഴുകുന്നു
കണ്ണീർ ഗംഗ.!!!

Friday, June 22, 2012

ഒരു വെളിച്ചത്തിന്റെ ഇരുട്ട്...


ചങ്കിലെ ചോപ്പിൽ
മഞ്ചാടി മണികൾക്കൊപ്പം
എണ്ണിക്കാത്തു വെക്കാൻ
ഇറയത്തെ നിലാമഴയ്ക്കൊപ്പം
വെറുതേ വെറുതേ
വെറുതേഒന്നു കരയാൻ
ഒന്നു കുതിരാൻ...
ഇതിനൊക്കെ വേണ്ടിയായിരുന്നില്ലേ
ഞാൻ
നിന്റെ കരിങ്കൽച്ചുമരിൽ
കവിതകൾ കുറിച്ചിട്ടത്!!!
പക്ഷേ
നിനക്ക് അത്.
അക്ഷരങ്ങളുടെ വ്യത്യസ്തങ്ങളായ
പെർമ്യൂട്ടേഷൻസും കോമ്പിനേഷൻസും
മാത്രമായിരുന്നു!!
നിനക്ക്
അതിൽ നിന്നും പിടിച്ചെടുക്കാനായത്
ശ്വാസം മുട്ടി എന്നോ മരിച്ച
സ്വപ്നങ്ങളുടെ ശവങ്ങൾ
അഴുകാതെ സൂക്ഷിച്ച
ഫോർമാലിൻ ഗന്ധമായിരുന്നു!!!
ഉയിരിലെ ചുകപ്പ് നനച്ചു
ഞാൻ വളർത്തിയ
പനിനീർപ്പൂവിന്റെ ഇതളുകൾ
നീ നിന്റെ പരിഹാസത്തിന്റെ പഴുപ്പിലെ
പുഴുക്കൾക്ക് തിന്നാൻ കൊടുക്കുമ്പോളും
എന്നോട് ഇങ്ങനെ പരാതി പറഞ്ഞു,
“നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ലാ..!”
അതിനാൽ തിരികേ നടക്കുന്നു ഞാൻ
നിന്നിൽ നിന്ന്
നിന്നെ അസ്വസ്ഥമാക്കുന്ന
എന്റെ മൌനത്തിന്റെ വേരും പിഴുതു കൊണ്ട്
യാത്രയാകുന്നൂ ഞാൻ.
ഒരിക്കലും
നിന്റെ വെളിച്ചം വന്ന്
കൊന്നു കളയാത്ത
ഒരു ഇരുട്ടിലേയ്ക്ക്.!!!!

ബോട്ടിൽ
ഒരു സൌരയൂഥം ശിരസ്സിലേറ്റിയ
രാത്രിയുടെ അങ്ങേത്തലക്കൽ
കാത്തു നിന്ന
പുലരിയുടെ വാതുക്കൽ
പാൽ കൊണ്ടു വെച്ചത്
ബക്കാർഡിയുടെ ഫുള്ളിന്റെ ബോട്ടിലിൽ

അവൾ
ഏകാന്തതയുടെ “കുത്തൽ”
മാറ്റാൻ എന്തെങ്കിലും
തൊട്ടു നോക്കാൻ
നീട്ടിയ വിരലിൽ
സ്വന്തം ജീവിതം വെച്ചു തന്നവൾ
വേനലാറ്റാൻ
ജീരക വെള്ളം കരുതിയത്
ഹണി ബീയുടെ ചൂരു മാറിയ കുപ്പിയിൽ.

അങ്ങാടിയിലേക്കിറങ്ങിയപ്പോൾ
“കുഴമ്പ് മറക്കല്ലേടാ..” എന്നു പറഞ്ഞ്
അമ്മ നീട്ടിയത്
മെഴുക്ക് പച്ച പിടിച്ചു തുടങ്ങിയ
എം സി യുടെ കാലിക്കുപ്പി!

പൂജാമുറിയിൽ
 കൃ­ഷ്ണനും ശിവനും ദേവിക്കും
മുന്നിൽ കത്തിത്തീരാൻ
നല്ലെണ്ണ ഊഴം കാത്തു നിന്നത്
സീസറിന്റെ ആഘോഷമൊഴിഞ്ഞ
ഒരു പച്ചച്ചിമിഴിൽ.!

ആഡംബരം പോരെന്ന് പരാതിപ്പെട്ട്
മൂത്ത മകൾ
ആന്തൂറിയം കുത്തി വെച്ചത്
ആന്റിക്വിറ്റിയിൽ!!

എന്നാലും
ഇതൊക്കെ ഇവിടെ എത്തിച്ച
രാത്രികളിൽ ആയിരുന്നില്ലേ.
എനിക്ക്നിങ്ങൾ
പുലയാട്ടിന്റെ ഇലയിട്ട്
പട്ടിണി വിളമ്പിയതും,
കൊട്ടിയടച്ച വാതിലിന്നപ്പുറം
കർക്കിടക മഴയുടെ
കീറപ്പായ വിരിച്ചു തന്നതും.!!!!

പരിണാമം…ഒരു നിലാനാളമായ്
നിന്റെ രാപ്പുതപ്പിന്നുള്ളിലേയ്ക്ക്
അരിച്ചിറങ്ങിയ എന്നെ
ഒരു സൂര്യനായ് തിളപ്പിച്ച്
ഉരുക്കിയുണർത്തിയത്
എങ്ങനെയാണ് നീ???

ചുണ്ടിലെ ചുട്ടുപഴുത്ത
കനൽക്കട്ടകൾ കൊണ്ട്
മൌനത്തിന്റെ ചുവന്ന മുല്ലപ്പൂക്കളിൽ
പതിയേ തഴുകുമ്പോളോ?

എന്നെ ചേർത്ത് ഒതുക്കിപ്പിടിച്ച്
താളവേഗങ്ങൾ ഇരട്ടിച്ചു പോയ
മാറത്തെ
പെരുമ്പറക്കമ്പനങ്ങൾ കൊണ്ടോ.?

ഭൂതകാലത്തിന്റെ ഗ്രീഷ്മസൂചികൾ
ആഴ്ന്നിറങ്ങി വെന്ത
നിന്റെ മരുമണലിൽ
ഞാൻ മഴയായ് വീഴവേ
നീരാവിയായ് ഉയർന്ന
ഉഷ്ണനിശ്വാസങ്ങൾ കൊണ്ടോ?

പകത്തെടുക്കാനാകാതെ
തമ്മിൽ പുണർന്ന വിയർപ്പിന്റെ
നെറുകയിൽ മിന്നിയ
നക്ഷത്രങ്ങൾ കൊണ്ടോ?

പറയൂ.
ഒരു ഹിമശിലയായ് ഞാൻ
ആറിയുറയും മുന്നേ
എന്റെ പ്രണയമേ
ഒരു രാത്രിയുടെ
രണ്ടറ്റങ്ങളിൽ
നീ എങ്ങനെയാണ്
ഇത്രയും വൈരുദ്ധ്യങ്ങൾ
തുന്നിപ്പിടിപ്പിക്കുന്നത്???

Thursday, June 21, 2012

a suicide note....


സൂര്യൻ...

അതിരാവിലെ,
ഒരു തീവണ്ടിപ്പാളത്തോട്
കഴുത്ത് ചേർത്തു വെച്ച് കിടന്നു
ആരും ചോദിച്ചില്ല,
“എന്താ കാര്യം?” എന്ന്
പിടിച്ചെഴുന്നേൽ‌പ്പിക്കാനും പോയില്ല

ഉച്ചയ്ക്ക്,
ഒരു പകലിന്റെ പൊക്കത്തിൽ നിന്നും
താഴോട്ട് ചാടിച്ചാകുമെന്ന് പറഞ്ഞു.
ആരും ഗൌനിച്ചില്ല.

സന്ധ്യയിൽ
കൈത്തണ്ടയിലെ
ഞരമ്പ് മുറിച്ചപ്പോൾ
ചുവന്നു പോയ
ആകാശം നോക്കി
“റിയലി റൊമാന്റിക്“ എന്നു മന്ത്രിച്ച
മനസ്സുകളോട്
പിന്നൊന്നും പറയാൻ നിക്കാതെ
കാഷായം പുതച്ച്
കടലാഴങ്ങളിൽ തീർത്ഥാടനം പോയി!!!

പിന്നെ
ഏതോ തീരത്തടിഞ്ഞ
അഴുകിയ ജഡത്തിൽ
ഇങ്ങനെയൊരു
കുറിപ്പുണ്ടായിരുന്നത്രേ.
“ഇവിടത്തെ ഇരുട്ടിനോട്
മത്സരിക്കാൻ വയ്യ
തോറ്റു പിന്മാറുന്നു…!!!

പാസ് വേർഡ്
ഞാൻ പറഞ്ഞാൽ
നിനക്കു മനസ്സിലാകുന്ന
വാക്കുകൾ
നമ്മൾ എന്നോ
ആക്രി വിലക്ക് തൂക്കി വിറ്റിരിക്കുന്നു!
പിന്നെയും മിച്ചം വന്ന
രഹസ്യങ്ങളുമായ്
പാസ് വേർഡുകളിലേക്ക്
പലായനം ചെയ്തിരിക്കുന്നു നമ്മൾ.
പാസ് വേർഡ്
വെറും കുത്തുകളായി തെളിയുന്ന
സൈബർ വാൽമീകം..!
നീ ഒന്നു മറന്നു പോയാൽ
എനിക്ക്
ഒരു ലോകം തന്നെ
നഷ്ടമാവുന്ന
മായികമന്ത്രം!
ഏലസ്സിനുള്ളിൽ തകിടു പോലെ
തീവ്രവാദിക്ക് സയനൈഡ് പോലെ
സ്വന്തം മിടിപ്പുകൾക്കുള്ളിൽ
ഒളിപ്പിച്ചു വെച്ച് കാക്കേണ്ടിയിരിക്കുന്നു.
മുഖം മൂടി ധരിച്ച ഈ അക്ഷരങ്ങൾ!
നമുക്ക്
ഓണവും വിഷുവും
വാവും ഹർത്താലും
പെരുന്നാളും പിറന്നാളും
ആഗസ്റ്റ് പതിനഞ്ചും ആണ്ടുകുർബ്ബാനയും
പ്രണയവും പരിഭവവും
എണ്ണിയാലൊടുങ്ങാത്ത ഏനാന്തങ്ങളും
ഇനിയുമെത്ര കൊണ്ടാടാനുള്ളതാ
ഈ മോണിറ്റർ മുറ്റത്ത്!
അതുകൊണ്ട്,
ഒരു കടമ്മനിട്ടത്താളത്തിൽ ഇങ്ങനെ പാടാം
“കുഞ്ഞേപാസ് വേർഡ് മറക്കരുത്
കുഞ്ഞേപാസ് വേർഡ് മറക്കരുത്…”