Tuesday, January 10, 2012

നീ…


മറവിയുടെ ബ്ലോട്ടിംഗ് പേപ്പറിന്
വലിച്ചെടുക്കാൻ കഴിയാതെ പോയ
നനവാണ്,
എന്നിൽ
 “നീ” എന്ന വാക്ക്..!
കാൽവെള്ള പൊള്ളിച്ച പകലിലേക്കു
തിരിച്ചു നടക്കാൻ വയ്യാതെ,
മുന്നിലെ രാത്രിയുടെ ഇരുട്ടിൽ
മുങ്ങിത്താഴാൻ ഭയന്ന്
ഇനി ഇവിടെ ഒടുങ്ങാം എന്നുറപ്പിച്ച്
ചിറകുകൾ കത്തിച്ച്
തീ കായാൻ തുനിഞ്ഞ സന്ധ്യയിലാണ്
വഴി തെറ്റി അരികിൽ വന്നിരുന്ന
നിന്റെ
കണ്ണിലെ ഒരു ധ്രുവനക്ഷത്രം
എന്നെ നോക്കിച്ചിരിച്ചത്.!!!
നീ
മനസ്സിന്റെ കുടന്നയിൽ നീട്ടിയ
മുന്തിരിനീര്
ഞാൻ കുടിച്ചിറക്കുകയല്ലായിരുന്നു,
സിരാധമനികളിലെ രുധിരവേഗങ്ങളിലേയ്ക്ക്
ലയിപ്പിച്ച് തിളപ്പിക്കുകയായിരുന്നു!
നീ
എന്റെ അക്ഷരങ്ങളിൽ
ഓറിക്കിളിൽ തറയുന്ന സൂചിമുനകളും
വാൽവുകളിലെ ഇരുമ്പ് അയിരുകളെ
പിടിച്ചു വലിക്കുന്ന കാന്തകണങ്ങളും
വെൻട്രിക്കിളിൽ വീണു പൊട്ടിത്തെറിക്കുന്ന
നൈട്രേറ്റുകളും നിറയ്ക്കുകയായിരുന്നു!
നീ
ദൈവം ഒരു കുമ്പിളിൽ
തണുപ്പുള്ള മഞ്ഞ് ഒളിപ്പിച്ചു വെച്ച
ഹരിഹരന്റെ കണ്ഠനാളത്തിലെ
സ്വരസ്ഥാനങ്ങളേയും,
വിരലറ്റങ്ങൾ കൊണ്ട്
തബലത്തുകലിൽ നിന്ന്
പ്രാപ്പിടകളെ ചിറകടിപ്പിച്ചു
പറപ്പിച്ചുയർത്തുന്ന സക്കീർ ഹുസൈനേയും,
ജന്മപുണ്യം പോലെ
നിലാവിൽ തേൻതുള്ളി ചാലിച്ച്
ആത്മാവിലേക്കിറ്റിച്ചു തരുന്ന
ഗന്ധർവ്വഗായകനേയും
പരിചയപ്പെടുത്തിത്തരികയായിരുന്നു!
നീ
മൌണ്ട് എവറസ്റ്റിന്റെ ഉയരത്തിൽ നിന്നും
അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കും, അവിടന്ന്
സഹാറയുടെ പരപ്പിലേക്കും
ഓടിത്തൊട്ടു കളിക്കാൻ
എന്നെ പഠിപ്പിക്കുകയായിരുന്നു!
പക്ഷേ
ഞാൻ കടുംചായങ്ങൾ കൂട്ടി മെനഞ്ഞ കളം
കാലം കയ്യിൽ പൂക്കുലയുമായ് വന്നു
ഉറഞ്ഞാടി മായ്ച്ചു കളയവേ
നാഗപ്പാട്ടിൽ മുഴങ്ങിയ ഞാണൊലിയിൽ
ഞാൻ മൂർച്ഛിച്ചു വീഴുകയായിരുന്നു
പിന്നീട്
തത്ത്വത്തിന്റെ  തണുപ്പ് മുഖത്ത് കുടഞ്ഞ്
ആരൊക്കെയോ പറഞ്ഞു,
“കഴിഞ്ഞതു കഴിഞ്ഞൂ.”        
എന്നാലും പോകുമ്പോൾ
നിനക്ക്
ഇതെങ്കിലും പറയാമായിരുന്നു
“പോകുന്നു” എന്നല്ല,
മറിച്ച്
അകലുന്ന നിന്റെ ഓരോ കാലനക്കത്തിലും
കറുപ്പ് കൂടിക്കൂടി വരുന്ന
ഒരു നിഴലിന്റെ ഇരുട്ട് മാത്രമായി,
ഇനിയും.
ഞാൻ
ഇവിടെ ഇങ്ങനെ നിൽക്കേണ്ടതുണ്ടോ എന്ന്.,
അത്ര മാത്രമെങ്കിലും..!!!

1 comment:

  1. WOW!

    athenkilum chodikkamayirunnu... pokunno ennalla njan ivide ingane nilkkendathundo ennu..! oru pakshe avalum pratheekshichittundavum eppozhenkilum ennodonnu chodichirunnenkil ennu!

    ReplyDelete