Thursday, February 2, 2012

ഓലക്കണ്ണികൾ



ഇരുട്ടു മൂടി, നിന്റെ വീട്ടിലേക്കുള്ള വഴി നിനക്കു തന്നെ കാണാൻ പറ്റാതായപ്പോളാണ് എന്നെ ഒരു ചൂട്ടായ് നീ കൂട്ടിക്കെട്ടിയത്. ഒരു സിഗരറ്റിന്റെ തുമ്പെരിച്ചതിനു ശേഷം ബാക്കി വന്ന തീയെടുത്ത് നീ എന്റെ ഉടലിൽ കൊളുത്തി യാത്ര തുടങ്ങി.
എന്നെ കാറ്റിൽ ആഞ്ഞു വീശി ആളിച്ചു, പാറമടയിലെ ബാറ്ററി വാറ്റിനോട് മല്പിടുത്തം നടത്തുന്ന നിന്റെ കൺപോളകളുടെ ആയാസം കുറക്കാൻ!. ചുണ്ടിൽ നിന്നും വഴി തെറ്റി, വരി തെറ്റി വീഴുന്ന “ഒരു പുഷ്പം മാത്രം” ചാരായമണത്തിൽ ശ്വാസം മുട്ടുന്നുണ്ടാവണം, ഉറപ്പ്.
ഗൾഫുകാരൻ സുലൈമാന്റെ വീട്ടിൽ ലൈറ്റണയുന്നതും കാത്ത് പിന്നിലെ ഇടവഴിയിൽ പതുങ്ങി നിന്നിരുന്ന സുധാകരനോട് എത്ര പറഞ്ഞീട്ടും മതിയായിരുന്നില്ല നിനക്ക്, തലേ ദിവസം ബ്ലൂടൂത്തിലെ നീലത്തളികയിൽ വിളമ്പിത്തന്ന, പെണ്ണെന്നു വിളിക്കാൻ പോലും പരുവമാകാത്ത പിഞ്ചിന്റെ കിതപ്പുകളെപ്പറ്റി ! അതിനും പഴി കേട്ടത് എനിക്ക്. “പണ്ടാറടങ്ങാൻ! ചൂട്ട് കെടാറായി. ബാക്കി നാളെ സാംസ്കാരിക നിലയത്തിൽ ഇരിക്കുമ്പോൾ പറയാം. എവ്വിടെയാ നിർത്തിയത് എന്നൊന്ന് ഓർത്തു വെച്ചാൽ മതി.” അപ്പോഴും ഞാൻ പക്ഷെ, നിനക്കു വേണ്ടി എരിഞ്ഞുതീർന്നു കൊണ്ടിരിക്കുക മാത്രമായിരുന്നു.
എളുപ്പവഴി തിരഞ്ഞാവണം, നീ ഇടവഴി വിട്ട് പണ്ടത്തെ കൂട്ടുകാരി ശൈലയുടെ മുറ്റം മുറിച്ച് പോവാൻ തുനിഞ്ഞത്. അപ്പോളും നാണം കെട്ടതോ??? “അല്ലെടോ ഒരു ടോർച്ച് ഒക്കെ വാങ്ങീക്കൂടേ?
നീ ഇപ്പോളും ഈ പഴഞ്ചൻ ചൂട്ടും കൊണ്ടാ നടക്കണത്?”  അങ്ങനെ ചാവുന്നതിനു മുന്നേ ഞാൻ പഴഞ്ചനും ആയി. അതിനു നിന്റെ മറുപടിയോ.? ടോർച്ച് ഉണ്ടായ്ര്ന്ന് ശൈലേ നല്ല മുന്തിയ ബ്രൈറ്റ്ലൈറ്റിന്റെ! കഴിഞ്ഞ വരവിനു രാജീവൻ തന്നതാ. പറഞ്ഞിട്ടെന്താ? രാവിലത്തെ ബേജാറിൽ എടുക്കാൻ മറക്കും. അതല്ലേ ഈ നാശം പിടിച്ച ചൂട്ട്മ്മൽ ആയിപ്പോണത്!!!”.
തീയേക്കാൾ എത്രയോ ആഴത്തിൽ വാക്കുകൾ കൊണ്ട് പോള്ളിക്കം എന്നു നീ പറഞ്ഞു തന്നു. ഇത്രയും നേരം മദ്യലഹരിയിൽ നക്ഷത്രങ്ങളെ തട്ടി മാറ്റി നടന്നിരുന്ന നിന്നെ, സ്വന്തം ജീവിതം തന്നെ പകരം തന്ന്, ഒരു കുഴിയിലോ ചെളിയിലോ വീഴിക്കാതെ ഇവിടം വരെ എത്തിച്ച ഞാൻ നിനക്ക് “നാശം പിടിച്ചത്” ആയെങ്കിൽ എന്നെ “പഴഞ്ചൻ” എന്നു വിളിച്ച വെറും കാഴ്ച്ചക്കാരി മാത്രമായ ഒരുവളുടെ ഏനാന്തത്തെപ്പറ്റി ഞാൻ ആരോട് എന്തിനു പരാതി പറയണം???
വാങ്ങിച്ച പൈസയെപ്പറ്റി ചോദിക്കാൻ അവുതക്കുട്ടി പിന്നിലെ ഇരുട്ടിൽ നിന്നും വിളിച്ചപ്പോൾ നീ രക്ഷപ്പെട്ടതും എന്റെ പേരു പറഞ്ഞ്“നമുക്ക് നാളെ കാണാം മാപ്പിളേ നിന്നാൽ ചൂട്ട് കെട്ടു പോകും, പാലം കടക്കാനുള്ളതാ‍.”
പാലം കടക്കുമ്പോൾ എന്റെ മേലുള്ള നിന്റെ പിടുത്തം മുറുകുന്നത് ഞാൻ അറിഞ്ഞിരുന്നു, കുറച്ചു മുന്നേ വയൽ വരമ്പിലെ വഴുക്കിലൂടെ നടന്നപ്പോൾ അമർന്നതു പോലെത്തന്നെ. ഇത്രയും നേരം നിന്റെ വീരസ്യം മുഴുവൻ കേട്ട എന്നോട് അറിയാതെ കളിയാക്കിച്ചിരിച്ചു പോയി, എരിഞ്ഞുതീരുമ്പോളും
ഒടുക്കം, പാലം കടന്ന് എന്റെ ദേഹം പോള്ളിച്ചു തീർത്ത വെളിച്ചത്തിൽ നീ വീടെത്തി. അപ്പോഴും എന്നിൽ ഒരല്പം പ്രാണൻ ബാക്കിനിന്നിരുന്നു. മറഞ്ഞുതുടങ്ങുന്ന ബോധത്തിലും നീ എന്നെ ചാണകക്കുഴിക്കരികിലെ നാറുന്ന ഇരുട്ടിലേക്ക് വലിച്ചെറിയുന്നത് ഞാൻ അറിഞ്ഞിരുന്നു.
എന്റെ മരണം വരെയും കാത്തുനിൽക്കാനുള്ള നേരമോ നന്ദിയോ ഇല്ലാതെ നീ നിന്റെ മാളത്തിന്നുള്ളിലേക്ക്. പിന്നെ
ഊണിലേക്ക്
ഉമ്മറത്തെ കാറ്റിലേക്ക്
ഉമിനീർ മണമുള്ള ഉമ്മയിലേക്ക്
ഉപ്പ് രുചിക്കുന്ന വിയർപ്പിലേക്ക്
ഉറക്കെ ഒരു ഉറക്കിലേക്ക്!!!

7 comments:

  1. തീയേക്കാൾ എത്രയോ ആഴത്തിൽ വാക്കുകൾ കൊണ്ട് പോള്ളിക്കം എന്നു നീ പറഞ്ഞു തന്നു.

    വാക്കുകളിലൂടെ ഓലക്കണ്ണിയ്ക്കു പോലും ജീവന്‍ വയ്ക്കുമെന്നു നീയും കാണിച്ചു തന്നു മനു!!! മനോഹരം!!

    ReplyDelete
  2. ഒറ്റനോട്ടത്തില്‍ ഒരു ഹസ്യാവിഷ്കാരം. പക്ഷെ ജീവിതത്തിന്റെ നിസ്സാരതകളില്‍ നാം തള്ളിക്കളയുന്ന ഇയ്യം പട്ട ജന്മങ്ങള്‍ എത്ര മഹത്തരം... ancient mariner എന്നാ ഇംഗ്ലീഷ് പഥ്യം ഓര്‍മ്മ വരുന്നു.. നടുക്കടലില്‍ ഒറ്റപ്പെട്ടു പോയ നാവികന്‍... ജീവിതത്തിന്റെ അസ നശിച്ചു മരണം മുന്നില്‍ കാണുമ്പോള്‍... അതുവരെ അറപ്പോടെ കണ്ട കടല്‍ ജീവികളില്‍ അയാള്‍ മനോഹാരിത കാണുന്നു... ദൈവസ്രിഷ്ടികളായ എല്ലാറ്റിനും അതിന്റെതായ ഗുണം ഉണ്ടെന്നു മനസ്സിലാക്കുന്നിടത്ത് അയാള്‍ക്ക് ദൈവസഹായം ലഭിക്കുന്നു... ഇത് ഓരോലയുടെ കഥയല്ല... നാം നടക്കുന്ന വഴിത്താരകളും... പൂക്കലക്കും പുല്ലുകള്‍ക്കും ഇങ്ങനത്തെ കഥ പറയാനുണ്ടാകും... .

    ReplyDelete
  3. ഒറ്റനോട്ടത്തില്‍ ഒരു ഹസ്യാവിഷ്കാരം. പക്ഷെ ജീവിതത്തിന്റെ നിസ്സാരതകളില്‍ നാം തള്ളിക്കളയുന്ന ഇയ്യം പട്ട ജന്മങ്ങള്‍ എത്ര മഹത്തരം... ancient mariner എന്നാ ഇംഗ്ലീഷ് പഥ്യം ഓര്‍മ്മ വരുന്നു.. നടുക്കടലില്‍ ഒറ്റപ്പെട്ടു പോയ നാവികന്‍... ജീവിതത്തിന്റെ അസ നശിച്ചു മരണം മുന്നില്‍ കാണുമ്പോള്‍... അതുവരെ അറപ്പോടെ കണ്ട കടല്‍ ജീവികളില്‍ അയാള്‍ മനോഹാരിത കാണുന്നു... ദൈവസ്രിഷ്ടികളായ എല്ലാറ്റിനും അതിന്റെതായ ഗുണം ഉണ്ടെന്നു മനസ്സിലാക്കുന്നിടത്ത് അയാള്‍ക്ക് ദൈവസഹായം ലഭിക്കുന്നു... ഇത് ഓരോലയുടെ കഥയല്ല... നാം നടക്കുന്ന വഴിത്താരകളും... പൂക്കലക്കും പുല്ലുകള്‍ക്കും ഇങ്ങനത്തെ കഥ പറയാനുണ്ടാകും... .

    ReplyDelete
  4. ഓരോ വെളിച്ചവും അവശേഷിപ്പിക്കുന്നത് ഒരു എരിഞ്ഞുതീരലാണ്.. നന്നായി.

    ReplyDelete
  5. A good observation & penetrating treatment of words . .

    ReplyDelete
  6. ബ്ലോഗുകള്‍ തിരഞ്ഞുള്ള യാത്രയില്‍ ഇവിടെ എത്തിയതില്‍ സന്തോഷിക്കുന്നു.
    ഓരോ വസ്തുവിനും പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിച്ചതിന് നന്ദി

    ReplyDelete
  7. ഓലക്കണ്ണികള്‍ ഗുരു വീണ്ടൂം തകര്‍ത്തു


    ഒന്നും പറയനില്ല അടിപൊളി

    ReplyDelete