Sunday, September 4, 2011

ദയവു ചെയ്ത്……


വർഷങ്ങൾക്കിപ്പുറം
ഇന്നും, ഞാൻ
ഓരോ ആൾക്കൂട്ടത്തിന്നിടയിലും
നിന്റെ മുഖം
തിരഞ്ഞ് തളരുന്നത്…,
ഓരോ ബഹളത്തിന്നിടയിലും
നിന്റെ ശബ്ദം
വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നത്…,
ഓരോ വഴിയിലും
നിന്റെ കാല്പാടുകൾ പിന്തുടർന്ന്
വീണ്ടും നിന്നിലേക്ക് നടന്നടുക്കുന്നത്,
പണ്ട്
വെറുതേ പൊടിച്ചു കളയാൻ ചുട്ട
മണ്ണപ്പത്തിന്റെ എണ്ണം
ഗണിച്ചെടുക്കാനോ,
പാറക്കല്ലിൽ കുത്തിപ്പൊട്ടിച്ച്
കല്ലുപ്പ് കൂട്ടിത്തിന്ന
പച്ചമാങ്ങക്കൊപ്പം ഊറിയ
ഉമിനീരിന്റെ മധുരം നുണയാനോ,
പറങ്കിമാവിൽ സങ്കല്പങ്ങൾ കൊണ്ട്
ഊഞ്ഞാൽ കെട്ടി
മണ്ണിൽ കാൽ തൊടാതെ ആടിയ
വേഗം ഓർത്തെടുക്കാനോ
അല്ല!!!
പകരം, ഇതു പറയാൻ മാത്രം
നീ
അന്ന് പറിച്ചെടുത്തു കൊണ്ടു പോയ
ഹൃദയം
ഉപയോഗം കഴിഞ്ഞെങ്കിൽ
തിരിച്ചു തരണം
ദയവു ചെയ്ത്!!!

No comments:

Post a Comment