Tuesday, September 20, 2011

ഓം ഹ്രീം കുട്ടിച്ചാത്താ….



തോൽവിയിൽ നിന്നും തോൽവികളിലേക്ക്
കാൽ തെറ്റി വീഴുമ്പോളും
നിരാശപ്പെടാതെ,
ലക്ഷ്യം നെഞ്ചോടു ചേർത്തുപിടിക്കാൻ
ആദ്യമായ് പഠിപ്പിച്ചത്
കുട്ടൂസനും ഡാകിനിയും ആണ്!
സ്വപ്നങ്ങളുടെ ആകാശം ഭേദിക്കാൻ
ജീവന്റെ ഇത്തിരിക്കുന്തത്തിൽ പാഞ്ഞ്
ഒടുവിൽ
പുട്ടാലു അമ്മാവന്റെ ഗുഹയിൽ
അകപ്പെട്ടു പോകുന്ന
ലുട്ടാപ്പികൾ.നമ്മൾ!
സൂത്രപ്പണിയിൽ മോഷ്ടിച്ച മനസ്സുകൾ
വിക്രമന്റേയും മുത്തുവിന്റേയും
ബാങ്കു കൊള്ള പോലെത്തന്നെ
ഉപയോഗശൂന്യം
എന്ന് തിരിച്ചറിയുമ്പോളേക്കും
കാലം, “കള്ളൻ” എന്നു വിളിച്ച്
കയ്യിൽ വിലങ്ങണിയിച്ചിരിക്കും! 
അതിമോഹത്തിന്റെ
പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും
“ടമാർപടാർ” എന്നു പറഞ്ഞ്
നമ്മുടെ മേലേയ്ക്കു തന്നെ
ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ
പാവം ലൊട്ടുലൊടുക്കിനേയും ഗുൽഗുലുമാലിനേയും
ഓർത്തുപോകുന്നു……!
രാജുവിനേയും രാധയേയും പൊലെത്തന്നെ
ഒരിക്കലും വലുതാകാത്ത
ജീവിതസാഹചര്യങ്ങൾക്കു നടുവിൽ നിന്ന്
എത്രയോ വട്ടം ആഗ്രഹിച്ചു പോയിട്ടുണ്ട്
“ഇപ്പോൾ മായാവി അദൃശ്യനായി ഈ വഴി വന്നിരുന്നെങ്കിൽ
എത്രയോ വട്ടം മന്ത്രിച്ചു പോയിട്ടുണ്ട്
“ഓം ഹ്രീം കുട്ടിച്ചാത്താ‍…….” !!!

2 comments:

  1. കളി പോലെ തോന്നുമെന്കിലും പറഞ്ഞ കാര്യങ്ങളൊക്കെ കുറച്ചു വലുതാ... നന്നായി.

    ReplyDelete