അമിതമായി സ്വപ്നങ്ങളുടെ
ഭാരം കയറ്റിയ വാഹനങ്ങൾ,
കയറ്റിറക്കങ്ങളും
കുണ്ടും കുഴികളും ഉള്ള
നിത്യജീവിതത്തിന്റെ നിരത്തിലൂടെ
അമിതവേഗതയിൽ പായാൻ ശ്രമിക്കുന്നു…
അന്യോന്യം ഹൃദയങ്ങളിലെ
ചുവപ്പ് പച്ചയായും,
പച്ച ചുവപ്പായും
തെറ്റിവായിക്കപ്പെടുമ്പോൾ
മഞ്ഞയെ കാണാൻ പോലും മറന്നു..!!
സ്വന്തം യാത്രയ്ക്കിടയിൽ
മറ്റു ബന്ധുമിത്രാദികൾ
സീബ്രാവരയിലൂടെ സാവധാനം
റോഡ് മുറിച്ച് അപ്പുറമെത്തും വരെ
കാത്തു നിൽക്കാനുള്ള ക്ഷമയും
നമുക്കില്ലാതെ പോയ്…
പരസ്പരം നേർക്കുനേർ വരുമ്പോൾ
കണ്ണിൽ തുളച്ചു കയറുന്ന
ഈഗോയുടെ ഹെഡ്ലൈറ്റ്
സ്വയം ഒന്നു ‘ഡിം’ ചെയ്യാമായിരുന്നു…
അതും ചെയ്തില്ല…!!!
ഇടയിലെ ഡിവൈഡറുകൾ
ഇടവിട്ട വെള്ളവരകളിൽ നിന്ന്
കോൺക്രീറ്റ് കനത്തിലേക്ക്
ശക്തിപ്പെടുകയായിരുന്നു…!!!
ഒടുക്കം…
കുടുംബകോടതിയുടെ
ഓപ്പറേഷൻ തീയറ്ററിൽ
ഒരേ ആഴത്തിലുള്ള മുറിവുമായ്
കിടക്കുന്ന നമ്മൾക്കിടയിൽ നിന്ന്
“ഇതിൽ ആർക്ക് വേണ്ടി കരയണം…?”
എന്ന ചിന്താക്കുഴപ്പത്തിലാണ്ടു പോകുന്ന
സ്വന്തം മക്കളുടെ പേരിലെങ്കിലും
ഇങ്ങനെ ഓർമ്മിക്കാം….
“ട്രാഫിക് നിയമങ്ങൾ പാലിക്കാമായിരുന്നു…!
കുറഞ്ഞപക്ഷം …
പരസ്പരവിശ്വാസത്തിന്റെ
സീറ്റ്ബെൽട്ട് എങ്കിലും
ഒന്നു മുറുക്കിയിടാമായിരുന്നു……!!!”
No comments:
Post a Comment