Monday, November 7, 2011

അമ്മ മലയാളം

പെൺഭ്രൂണഹത്യകൾ
ഏറ്റവും കുറവുള്ള സംസ്ഥാനം
നമ്മുടെ കേരളം.
ആ പെൺഭ്രൂണങ്ങൾ
സുഖമായ് ഉറങ്ങുകയാണ്,
ഗർഭപാത്രങ്ങളുടെ സുഖലോലുപതയിൽ.
വീർത്ത് വരുന്ന വയറുകളിലേക്ക്
പ്രാർത്ഥനയുടെ നോക്കുകൾ.
പച്ച കൊണ്ട് മറച്ച              
ലേബർ റൂമുകളിൽ,
ഒരു നിലവിളി നനഞ്ഞു പടരവേ
“ധന്യം”, “ധന്യം” എന്ന്
ഹൃദയമന്ത്രണങ്ങൾ!
ശേഷം,
പാലൂട്ട്
ചോറൂട്ട്
നൂലുകെട്ട്
നിലവിളക്കിന്റെ തിരിവെളിച്ചത്തിൽ
“ഹരിശ്രീ ഗണപതയേ നമ:
വളരുന്ന കൈകാലുകളിൽ,
കുളിരുന്ന കണ്ണുകൾ.
പിന്നെ
ഏറെ വാത്സല്ല്യത്തോടെ
നമ്മൾ അവരെ പേരുചൊല്ലി വിളിക്കുന്നു
“സൂര്യനെല്ലി പെൺകുട്ടി”,
“വിതുര പെൺകുട്ടി”,
“കവിയൂർ പെൺകുട്ടി”,
“കിളിരൂർ പെൺകുട്ടി”,
“പറവൂർ പെൺകുട്ടി”,
“കോതമംഗലം പെൺകുട്ടി”,
ഓരോ ന്യൂസ് ഹവറിലും
പുതിയ പുതിയ പേരുകൾ.
കൊള്ളാം കേരളമേ കൊള്ളാം!!!
നിന്റെ സാക്ഷരത വെറുതെയായില്ല
എക്കണോമിക്സിലും
കോമ്മേഴ്സിലും
ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും
നിന്റെ കണക്കു കൂട്ടലുകൾക്ക്
മാർക്ക് നൂറിൽ നൂറ്!
പിന്നീട്
പതിനായിരങ്ങൾ കൊണ്ടും ലക്ഷങ്ങൾ കൊണ്ടും
പെരുക്കാമെങ്കിൽ
എന്തിനു വെറുതേ,
സ്നേഹം കൊണ്ട് ഹരിക്കണം
 കുരുന്നിലേഅല്ലേ???
വാണിഭ പീഡന വാർത്തകളുടെ
ആവർത്തന വിരസതയിൽ
റിമോട്ടിൽ അറിയാതെ വിരലമർന്നു പോയപ്പോൾ
അപ്പുറത്തെ ചാനലിൽ
കഥയറിയാതെ
പാവമൊരു ഗായിക തൊണ്ട പിളർക്കുന്നു
“എന്റെ കേരളം
എത്ര സുന്ദരം..”

1 comment:

  1. ഒരു നൂറ്റാണ്ടിനു മുന്‍പ് വിവേകനാടന്‍ പറഞ്ഞുവെച്ചത്‌ annuartha മാക്കാന്‍ നാം കടുത്ത ശ്രമം നടത്തി വരികയാണ്‌.. സാക്ഷരതയില്‍ മാത്രമല്ല .. peedanathilum .. നാം നൂറു സതമാനമാകാന്‍ ശ്രമം തുടരുകയാണ് ... എവിടെ നോക്കിയാലും അളവുകോലുകള്‍..പൂരിപ്പിക്കാത്ത മതകൊളങ്ങള്‍ അപേക്ഷയെ അസധുവക്കുന്നു.. ഈ ഭൂവില്‍ ജീവിക്കാന്‍ മതമില്ലായ്മ ഒരു കുറവാണു ... ബിപിഎൽ, എ പി എല്‍ ..പണത്തിനും അളവുണ്ട് ....അളവില്ലത്തത് ആർത്തിക്കുമാത്രം .. അളവുകല്‍ക്കുമാപ്പുറത്തു മനുഷ്യന്‍ എന്നാ വികാരം നമുക്ക് നഷ്ടമാകുന്നു ... അമ്മയും പെങ്ങളുമില്ലേ എന്നാ ചോദ്യം ഇപ്പോള്‍ കേള്കനില്ല.. കാരണം അച്ഛനും മകളുമില്ലാത്ത ഭൂമിയില്‍ ഈ ചോധ്യതിനെന്തു പ്രസക്തി..

    ReplyDelete