Sunday, July 24, 2011

B.H.M.S

ജീവന്റെ
ചൂടും ചുകപ്പുമില്ലാത്ത ശരീരത്തിൽ
ഉത്തരങ്ങൾ അന്വേഷിച്ച്
ഒന്നര വർഷം…..!
ഒരു സൂക്ഷ്മ ദർശിനിയുടെ
മായക്കാഴ്ചകളിലേക്ക്
കൌതുകം പായിച്ച്
പിന്നൊരു വർഷം…!
ഉറയുന്ന ജീവനും
നുറുങ്ങുന്ന എല്ലുകളും
സമ്മേളിച്ച…
മൂന്നാം വർഷം…!
ഹൃദയമിടിപ്പിന്റെ…
ശ്വാസ നിശ്വാസങ്ങളുടെ…
താളവേഗങ്ങൾ അളന്ന്
അവസാന വർഷം..!
സൂര്യൻ….
എത്ര ഉറക്കെത്തെളിഞ്ഞ് തിളച്ചാലും
മഞ്ഞിന്റെ ഒരു നേർത്ത മൂടലെങ്കിലും
പിന്നെയും ബാക്കിയാവുന്ന
294 ചുരവളവുകൾ…!
എത്രയോ മരുന്നുകളുടെ
എത്രയെത്രയോ ആവലാതികൾ…!
എത്രയോ ആവലാതികളുടെ
എത്രയെത്രയോ മരുന്നുകൾ…!
ശേഷം….
ഒപ്പുകൾ
ഒപ്പിച്ചുവെക്കാൻ
ഘടികാര സൂചികൾക്കൊപ്പം
ഓടിത്തീർത്ത
ഒടുവിലത്തെ വർഷം…!
സിലബസ്സുകൾ
പരീക്ഷാപേപ്പറിലേക്കും,
ഔട്ട് ഓഫ് സിലബസ്സുകൾ
ജീവിതത്തിലേക്കും പകർത്തി വെച്ച്
പടിയിറങ്ങുമ്പോൾ…..
പുറകിൽ നിന്ന്
ഏറെ നിഷ്കളങ്കമായി
ആരോ വിളിക്കുന്നു…
“ഡോക്ടർ……!!!”

1 comment:

  1. കൊള്ളാം മനു,
    പക്ഷെ ഇതിന്നിടയില്‍ കാന്റീനില്‍ നിന്ന് കുടിച്ചു തീര്‍ത്ത സ്ട്രോങ്ങ്‌ കട്ടന്‍ ചായയുടെ കണക്ക് എവിടെ പോയി?

    ഭാവുകങ്ങള്‍ ....

    ReplyDelete